Dr. P. Venugopal


അലര്‍ജി

 

വളരെ സാധാരണമായി കാണപ്പെടുന്ന  ഒരു രോഗമാണല്ലോ അലര്‍ജി. ലോകത്താകമാനമുള്ള മനുഷ്യരില്‍ 25 ശതമാനവും ഏതെങ്കിലും തരത്തിലുളള അലര്‍ജി മൂലം കഷ്ടപ്പെടുന്നുണ്ടത്രെ. ശരീരത്തിനുള്ളില്‍ കടക്കുന്ന വിവിധ പ്രോട്ടീനുകളോട് ശരീരം അമിതമായി പ്രതികരിയ്ക്കുന്നതിനെയൊണ് അലര്‍ജി എന്ന് പറയുന്നത്. ഇത്തരം പ്രതികരണമുണ്ടാക്കുന്ന പ്രോട്ടീനുകളെ അലര്‍ജനുകള്‍ എന്നു പറയുന്നു.

അലര്‍ജിയുണ്ടാവുന്നതെങ്ങിനെ ?

അലര്‍ജിയുണ്ടാക്കുന്ന പ്രോട്ടീനുകളെ അലര്‍ജനുകള്‍ എന്നുപറയുന്നു. അലര്‍ജനുകള്‍ക്കെതിരെ ഐ.ജി.ഇ (IgE)
എന്ന ആന്റിബോഡി  ഉല്‍പാദിപ്പിക്കുവാനുളള കഴിവുളളവരെ എറേറാപിക് (Atopic) വ്യക്തികളെന്നു വിളിക്കുന്നു.
ഒരു വ്യക്തി ആദ്യമായി അത്തരം ഒരു അലര്‍ജനുമായി (ആന്റിജന്‍) സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ അലര്‍ജിയുടെ ലക്ഷണങ്ങള്‍ കാണപ്പെടുന്നില്ല. എന്നാല്‍  ആ പ്രത്യേക ആന്റിജനെതിരെ ഐ.ജി.ഇ ആന്റിബോഡി രക്തത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു. പിന്നീടെപ്പോഴെങ്കിലും അതേ അലര്‍ജനുമായി വീണ്ടും സമ്പര്‍ക്കമുണ്ടാവുമ്പോള്‍ രക്തത്തിലുളള മേല്‍പറഞ്ഞ ആന്റിബോഡി  പെട്ടെന്ന് ആന്റിജനുമായികൂടിച്ചേര്‍ന്ന് ആന്റിജന്‍ ആന്റിബോഡി  കോംപ്ളക്സുകള്‍ ഉണ്ടാവുന്നു. ഇവ രക്തത്തിലെ ശ്വേതരക്താണുക്കളായ ഇയോസിനൊഫില്‍, ലിംഫോസൈററ് മുതലായ കോശങ്ങളെ ഉത്തേജിപ്പിച്ച് ഹിസ്റ്റാമിന്‍ , ലൂകോട്രിന്‍, സൈറേറാകൈനുകള്‍ മുതലായ രാസതന്മാത്രകള്‍ പുറപ്പെടുവിക്കുന്നു. ഇവയെല്ലാം ചേര്‍ന്ന് ശരീരത്തിനുളളില്‍ നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് അലര്‍ജി.
അലര്‍ജി ശരീരത്തിലെ പല അവയവങ്ങളെയും ബാധിച്ച് പല രോഗങ്ങള്‍ക്കും കാരണമാവാം:

അലര്‍ജി  മൂലമുള്ള രോഗങ്ങള്‍ :

1. അലര്‍ജിക് റൈനൈറ്റിസ്: തുടര്‍ച്ചയായ തുമ്മല്‍, മൂക്കടപ്പ്, ജലദോഷം, മൂക്കുചൊറിച്ചില്‍, മുതലായവയാണ് അലര്‍ജിക് റൈനൈറ്റിസിന്റെ ലക്ഷണങ്ങള്‍ . ദീര്‍ഘകാലം നീണ്ടുനില്ക്കുന്ന തുമ്മലും ജലദോഷവും കാലക്രമേണ ആസ്ത്മയായി മാറാന്‍ സാധ്യത കൂടുതലാണ്. ആന്റിഹിസ്റ്റാമിനുകള്‍ , സ്റ്റീറോയിടുകള്‍ എന്നീ ഔഷധങ്ങളടങ്ങിയ മൂക്കിലടിക്കുന്ന സ്പ്രേയാണ് അലര്‍ജിക് റൈനൈറ്റിസിന്റെ ചികില്‍സയ്ക്കുപയോഗിക്കാറ്.  ദീര്‍ഘകാലം മരുന്നുകള്‍ കഴിക്കുന്നതു കൊണ്ടുളള കുഴപ്പങ്ങള്‍ ഒഴിവാക്കാം എന്നതാണ് ഈ രീതിയുടെ മെച്ചം.
2. ആസ്ത്മ: ശ്വാസതടസം, വിട്ടുമാറാത്ത ചുമ (പ്രത്യേകിച്ചും രാത്രികാലങ്ങളിലെ), കഫക്കെട്ട്, കുറുങ്ങല്‍ എന്നിവയാണ് ആസ്മയുടെ ലക്ഷണങ്ങള്‍ . ലോകത്താകെ 30 കോടിയിലധികം ആസ്മാരോഗികളുണ്ടെന്നാണ് കണക്ക്. ഇന്‍ഹേലറുകളുപയോഗിച്ച്  ഈ രോഗത്തെ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കുവാനും രോഗിക്ക് തികച്ചും സാധാരണജീവിതം നയിക്കാനുമാവും.

3. ഭക്ഷണത്തോടുളള  അലര്‍ജി  (Food allergy) :
സാധാരണയായി അലര്‍ജിക്കു കാരണമാവുന്ന ഭക്ഷണങ്ങള്‍ പാല്‍, മുട്ട, മാസം, ഗോതമ്പ്, മല്‍സ്യം (പ്രത്യേകിച്ചും കൊഞ്ച്, ഞണ്ട് , കക്ക മുതലായ കടല്‍വിഭവങ്ങള്‍ ), കശുവണ്ടി, നാളികേരം, പയര്‍ , കടല, മുതലായവയാണ്. ഭക്ഷണസാധനങ്ങളില്‍ ചേര്‍ക്കുന്ന പ്രിസര്‍വേററീവുകള്‍ , നിറംകൊടുക്കാനുപയോഗിക്കുന്ന രാസവസ്തുക്കള്‍ , മുതലായവയും അലര്‍ജിക്കു കാരണമായേക്കാം. അച്ചാറുകള്‍ , ടിന്നിലടച്ച ഭക്ഷ്യവസ്തുക്കള്‍ , ചോക്കലേററുകള്‍ , ഐസ്ക്രീം മുതലായവയാണ് ഇങ്ങനെ അലര്‍ജിയുണ്ടാക്കുന്നത്.
4. തൊലിപ്പുറമെയുള്ള അലര്‍ജി  (Allergic dermatitis)
വളരെ സാധാരണയായി കാണുന്ന ഒരു അലര്‍ജിയാണ്  തൊലിപ്പുറമെയുള്ള അലര്‍ജി. അര്‍ടിക്കേരിയ, എക്സിമ (Atopic dermatitis), കോണ്‍ടാക്ററ് ഡെര്‍മടൈററിസ് എന്നിങ്ങനെ മൂന്നു തരത്തിലാണ് തൊലിപ്പുറമെയുള്ള അലര്‍ജി  കാണപ്പെടുന്നത്.

എക്സിമ (Eczema) :
അഞ്ചു വയസില്‍താഴെയുളള കുട്ടികളിലാണ് എക്സിമ കൂടുതലും കാണപ്പെടുന്നത്. ഭക്ഷണത്തോടുളള അലര്‍ജിയാണ് പ്രധാനകാരണം. മുഖത്തും കൈകാലുകളിലും മറ്റും ചൊറിഞ്ഞുപൊട്ടി കരപ്പന്‍ പോലെ കാണപ്പെടും. ഇവരില്‍ ഭൂരിഭാഗത്തിനും  (50 ശതമാത്തിനും) ഭാവിയില്‍ ആസ്മാ വരാറുണ്ട്. കുട്ടി കുറച്ചു വലുതാവുന്നതോടെ എക്സിമ കുറയുകയും ചെയ്യും. (ആസ്മാ കാണപ്പെടുന്നതോടെ) ചില മുതിര്‍ന്നയാളുകളില്‍ ആസ്മയും എക്സിമയും ഇടവിട്ട് കൂടിയും കുറഞ്ഞും കാണപ്പെടാറുണ്ട്.

അര്‍ടിക്കേരിയ   (Urticaria) തൊലിപ്പുറമേ കാണുന്ന, ചൊറിയാമ്പുഴു സപര്‍ശിച്ചാലുണ്ടാവുന്നതുപോലുളള പൊങ്ങിയ പാടുകളായിട്ടാണ് അര്‍ടിക്കേരിയ പലപ്പോഴും പ്രത്യക്ഷപ്പെടുക. മിക്കവാറും കടുത്ത ചൊറിച്ചില്‍ കാണപ്പെടുമെങ്കിലും എക്സിമയിലെ  പോലെ തൊലി പൊട്ടുകയോ വൃണമായിതീരുകയോ ചെയ്യാറില്ല. ചിലപ്പോള്‍ മുന്നറിയിപ്പൊന്നുമില്ലാതെയായിരിക്കാം ഇവ വരിക. ചിലര്‍ക്ക് പുകച്ചില്‍, ഊത്തല്‍, ചൂടനുഭവപ്പെടുക എന്നിവയും കാണാം. വായ, തൊണ്ട, ജനനേന്ദ്രിയങ്ങള്‍  മുതലായ ഭാഗങ്ങളിലും ഇങ്ങനെ തടിച്ചുപൊങ്ങാം ഇവയ്ക്ക് ചൊറിച്ചിലനുഭവപ്പെടാറില്ല. അതിനു ആഞ്ചിയോഎഡീമ ( Angioedema) എന്നുപറയുന്നു. ഇങ്ങനെ തൊണ്ടയിലുണ്ടാവുമ്പോള്‍ ചിലപ്പോള്‍ ശ്വാസതടസമനുഭവപ്പെടാനിടയുണ്ട്. ആഹാരസാധനങ്ങള്‍ , പ്രാണികള്‍ ,  ചില മരുന്നുകള്‍ , എന്നിവയോടെല്ലാമുളള അലര്‍ജി മൂലം അര്‍ടിക്കേരിയ ഉണ്ടാവാം.  ചിലര്‍ക്ക് ചൂട്, തണുപ്പ്, മര്‍ദ്ദം എന്നിവമൂലവും ഉണ്ടാവാം. തൊലിപ്പുറമേ പേനകൊണ്ടോ മറേറാ വരച്ചാലുടന്‍ തടിച്ചുവീര്‍ത്തുവരുന്ന ഡെര്‍മറേറാഗ്രാഫിസം (Dermatographism) എന്ന അവസ്ഥയും ഇതിന്റെ ഭാഗമാണ്.  രക്തത്തിലെ ഘടകമായ കോംപ്ളിമെന്റുകളുടെ അളവില്‍കുറവുണ്ടായാലും അര്‍ടിക്കേരിയയ്ക്ക് കാരണമാവാം.
പ്രത്യേകിച്ച് കാരണമൊന്നും കണ്ടെത്താനാവാത്ത, പാരമ്പര്യമായി കാണപ്പെടുന്ന ഹെറിഡിറററി ആഞ്ചിയോഎഡീമ (Heriditary angeoedema) എന്ന അവസ്ഥയുമുണ്ട്. ഇത് സാധാരണ 40 വയസു കഴിഞ്ഞ സ്ത്രീകളിലാണ് കാണപ്പെടുന്നത്. ചിലപ്പോള്‍ ആന്‍ഡ്രജന്‍ എന്ന ഹോര്‍മോണ്‍ ഈരോഗത്തിന്റെ ചികില്‍സയ്ക്ക് സഹായകമാവാം.

കോണ്‍ടാക്ററ് ഡെര്‍മറ്റൈറ്റിസ് (Contact Dermatitis) :
ഏററവും കൂടുതല്‍ കാണപ്പെടുന്ന സ്കിന്‍ അലര്‍ജിയാണിത്. അലര്‍ജനുകളുമായി നേരിട്ടുള്ള സ്പര്‍ശനമോ സാമീപ്യമോ മൂലമാണ് ഇത്തരത്തിലുളള അലര്‍ജി ഉണ്ടാവുന്നത്. മററു ശരീരഭാഗത്തെങ്ങും ചൊറിച്ചിലുണ്ടാവില്ല.  നിരന്തരമായ ചൊറിച്ചില്‍ മൂലം തൊലി കട്ടികൂടിയും വരണ്ടും കറുത്തും കാണപ്പെടും.

സാധാരണയായി കോണ്‍ടാക്ററ് ഡെര്‍മറ്റൈറ്റിസ്  കാണപ്പെടുന്ന ശരീരഭാഗങ്ങളും അവയുടെ കാരണങ്ങളും:

കൈകള്‍ :  സോപ്പ്, ഗ്ളൌസ്, ജോലിസംബന്ധമായ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ , സിമന്റ്
മുഖം :  സൌന്ദര്യവര്‍ദ്ധകവസ്തുക്കള്‍
ചുണ്ട് : ലിപ്സ്റിക്, ടൂത് പേസ്റ്
കണ്‍പോളകള്‍ : കണ്‍മഷി, കോണ്‍ടാക്ററ് ലെന്‍സ്
കഴുത്ത് : ആഭരണങ്ങള്‍ പ്രത്യേകിച്ചും മുക്കുപണ്ടങ്ങള്‍
മറ്റു ശരീരഭാഗങ്ങള്‍ : വസ്ത്രങ്ങള്‍ , ഔഷധലേപങ്ങള്‍
ചെവി, തല : ഹെയര്‍ ഡൈ, എണ്ണ, ഷാംപൂ
കാലുകള്‍ : ചെരുപ്പ്
ജനനേന്ദ്രിയങ്ങള്‍ :   ലൂബ്രിക്കന്റ് ജെല്ലി, ഗര്‍ഭനിരോധനഉറകള്‍
കക്ഷം :  ഡിയോഡറന്റുകള്‍
മിന്നുന്നതെല്ലാം പൊന്നല്ല
അതുപോലെ ചൊറിയുന്നതെല്ലാം അലര്‍ജിയാവണമെന്നുമില്ല. ശരീരത്ത്  എന്തുപാടുകണ്ടാലും അലര്‍ജിയാണെന്നു തെററിദ്ധരിക്കുന്നവരുണ്ട്.

ചൊറിച്ചിലിന്റെ മററു കാരണങ്ങള്‍ :
അണുബാധ മൂലമുളള ചൊറി (Scabies)
ചിരങ്ങ് (Fungal infection)
സോറിയാസിസ് പോലുളള അനേകേം ത്വക്കുരോഗങ്ങള്‍
ആന്തരാവയവങ്ങളില്‍ ക്യാന്‍സര്‍
മഞ്ഞപ്പിത്തം, പ്രമേഹം
തൈറോയ്ഡിന്റെ രോഗങ്ങള്‍ , വിരശല്യം

അലര്‍ജിയുണ്ടാക്കുന്നവയെന്ന് ബോദ്ധ്യപ്പെട്ട ഭക്ഷണസാധനങ്ങള്‍ ഉപേക്ഷിക്കുന്നതാണ് ഉചിതം. കോണ്‍ടാക്ററ് ഡെര്‍മറ്റൈറ്റിസിനു കാരണമാവുന്ന വസ്തുക്കളും കഴിയുന്നത്ര ഒഴിവാക്കണം. ഗ്ളൌസുപയോഗിച്ച് ജോലിചെയ്യുന്നത് ജോലിസംബന്ധമായ സ്കിന്‍ അലര്‍ജിയ്ക്ക് ഒരുപരിധിവരെ സഹായകരമാണ്. സോപ്പ്, സൌന്ദര്യവര്‍ദ്ധകവസ്തുക്കള്‍  മുതലയവയുടെ ബ്രാന്റുമാറ്റിനോക്കുകയോ പ്രകൃതിദത്തമായവ ഉപയോഗിച്ചുനോക്കുകയോ ചെയ്യാം. ഉദാ: സോപ്പിനുപകരം പയറുപൊടി, ഷാംപൂവിനു പകരം താളി, മുതലായവ.  ആന്റിഹിസ്റ്റാമീന്‍, സ്റ്റീറോയിഡ് തുടങ്ങിയ ഔഷധങ്ങള്‍ അടങ്ങിയ ലേപനങ്ങള്‍ പുറമെ പുരട്ടിയാല്‍ രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കാമെങ്കിലും രോഗം വീണ്ടും വരാതിരിക്കാന്‍ അലര്‍ജിയുണ്ടാക്കുന്നവയെന്ന് ബോദ്ധ്യപ്പെട്ടവ പാടേ ഉപേക്ഷിക്കേണ്ടിയും വരാം.

സൂര്യപ്രകാശത്തോടും അലര്‍ജി ! (Solar urticaria)
ചിലര്‍ക്ക് സൂര്യനോടുപോലും അലര്‍ജിയുണ്ടാവാം. സൂര്യപ്രകാശത്തിലെ അള്‍ട്രാവൈലറ്റ് രശ്മികളോടുളള ശരീരത്തിന്റെ അമിതപ്രതികരണമാണ് കാരണം. വെയിലുകൊണ്ടാല്‍ മിനുട്ടുകള്‍ക്കകം അര്‍ടിക്കേരിയയിലെന്നതു പോലെ തൊലിപ്പുറമെ തടിപ്പ്, ചെറിച്ചില്‍, ചുവപ്പുനിറം എന്നിവയാണ് രോഗലക്ഷണങ്ങള്‍. സൂര്യപ്രകാശം ഏല്‍ക്കുന്ന ശരീരഭാഗങ്ങളില്‍ മാത്രം രോഗമുണ്ടാവുന്നു എന്നതുകൊണ്ടുതന്നെ എളുപ്പം രോഗിര്‍ണ്ണയം നടത്താം. മഴക്കാലത്തും മറ്റും രോഗലക്ഷണങ്ങള്‍ കുറയുകയും ചെയ്യും. ചില മരുന്നുകള്‍കഴിക്കുന്ന സമയം ഇത്തരം അലര്‍ജിയ്ക്ക് സാദ്ധ്യത കൂടുതലാണ്.
കഴിയുന്നത്ര വെയില്‍ കൊളളാതിരിക്കുക, വെയിലത്തിറങ്ങുമ്പോള്‍ കുടപിടിക്കുക, കഴിയുന്നത്ര ശരീരഭാഗങ്ങള്‍ വെയിലേല്‍ക്കാതെ വസ്ത്രം കൊണ്ടുമൂടുക എന്നിവയോടൊപ്പം ത്വക്കില്‍ സണ്‍സ്ക്രീന്‍ ലോഷന്‍ പുരട്ടുന്നതും ഒരുപരിധിവരെ സൂര്യനോടുളള അലര്‍ജിയില്‍നിന്നും സരക്ഷണം നല്‍കും.
6. അലര്‍ജിക് കണ്‍ജങ്റ്റിവൈറ്റിസ്: കണ്ണിനു തുടര്‍ച്ചയായ ചൊറിച്ചിലും തടിപ്പും അനുഭവപ്പെടുകയും കണ്ണില്‍നിന്നും വെളളം വരുന്നതുമാണ് ലക്ഷണങ്ങള്‍ .
7. മരുന്നുകളോടുള്ള അലര്‍ജി (ഡ്രഗ്ഗ് അലര്‍ജി)  ആസ്മാരോഗമുളളവര്‍ക്ക് പെതുവെ ബ്രൂഫന്‍, വോവറാന്‍ തുടങ്ങിയ വേദനസംഹാരികള്‍ കഴിച്ചാല്‍ രോഗം കടുക്കാന്‍ സാദ്ധ്യതകൂടുതലാണ്. പല മരുന്നുകളും പലവിധത്തിലാണ് അലര്‍ജിയുണ്ടാക്കുന്നത്. പെനിസില്ലിന്‍ പോലുളള മരുന്നുകള്‍ ഗുരുതരമായ അലര്‍ജിയുണ്ടാക്കുകയും ചിലപ്പോഴൊക്കെ മാരകമാവുകയും ചെയ്യാറുണ്ട്. പലപ്പോഴും തൊലിപ്പുറം ചൊറിഞ്ഞുപൊട്ടുക, വായ, തൊണ്ട, ലിംഗം എന്നിവയില്‍ വ്രണമുണ്ടാക്കുയുമാണ് പതിവ്. സള്‍ഫാപോലുളള ആന്റിബയോട്ടിക്കുകളാണ് ഇത്തരത്തില്‍ അലര്‍ജിയുണ്ടാക്കുന്നത്. ചിലപ്പോള്‍ ചുമ, ശ്വാസതടസം, രക്തസമ്മര്‍ദം കുറയുക, എന്നിവയ്ക്കും കാരണമാവാം. ഏതെങ്കിലും മരുന്നുകളോട് ഇത്തരത്തില്‍ അലര്‍ജിയുണ്ടായിട്ടുണ്ടെങ്കില്‍ അവ കുറിച്ചുവക്കുകയും പിന്നീട് എപ്പോള്‍ ഡോക്ടറെ കാണുമ്പോഴും ഇത് ബോധ്യപ്പെടുത്തുകയും  വേണം. ഏതൊക്കെ മരുന്നുകളോടാണ് അലര്‍ജിയുളളതെന്ന് അലര്‍ജിടെസ്റിംഗ് വഴി കണ്ടെത്താനുമാവും.
6. ഷഡ്പദങ്ങളോടുളള അലര്‍ജി (insect allergy) :
കടന്നല്‍, തേനീച്ച, തേള്‍, എട്ടുകാലി തുടങ്ങിയ ജീവികള്‍ കുത്തുമ്പോള്‍ ചിലര്‍ക്ക് ഗുരുതരമായ റിയാക്ഷനുണ്ടാവാറുണ്ട്. അവയുടെ ഉമിനീരിലടങ്ങിയ പ്രോട്ടീനുകളോടുളള അലര്‍ജിയാണിതിനുകാരണം. ശ്വാസതടസം, രക്തസമ്മര്‍ദം കുറയുക, ബോധക്ഷയം എന്നിവ മാത്രമല്ല, മരണം പോലും സംഭവിക്കാം. ഇത്തരം പ്രാണികളുടെ അലര്‍ജനുകള്‍ വേര്‍തിരിച്ചെടുത്ത് ചെറിയ ഡോസില്‍ പലയാവര്‍ത്തി ശരീരത്ത് കടത്തിവിട്ട് നടത്തുന്ന ചികില്‍സവഴി (immunotherapy) ഇത്തരം അലര്‍ജിയില്‍ നിന്നും രക്ഷനേടാം . പാറ്റ, ഈച്ച, കൊതുക് തുടങ്ങിയവയോടും അലര്‍ജിയുളളവരുണ്ടെങ്കിലും അത് അത്ര ഗുരുതരമല്ല, ചൊറിച്ചിലും തുമ്മലും മാത്രമായിരിക്കും രോഗലക്ഷണങ്ങള്‍. വീട്ടിനുളളിലും കിടക്കയ്ക്കടിയിലും മറ്റുമുളള പൊടിയില്‍ വളരുന്ന ചില സൂക്ഷ്മജീവികളാണ് ആസ്മയ്ണ്ടാക്കുന്ന പ്രധാന അലര്‍ജനുകള്‍.
ഏതുതരത്തിലെ അലര്‍ജിയായാലും ചികില്‍സയ്ക്ക് 3 ഘട്ടങ്ങളുണ്ട്:
1. അലര്‍ജനുകളെ അകറ്റിനിര്‍ത്തുക (ജീവിതരീതിയില്‍ വരുത്തേണ്ട വ്യതിയാനങ്ങള്‍ /  non-pharmacological management ) : വീട്ടിനുള്ളില്‍ കാണപ്പെടുന്ന പൊടിയാണ് മിക്കവരിലും അലര്‍ജിയുണ്ടാക്കുന്നത്. കൂടാതെ, പുക, പൂമ്പൊടികള്‍ , പാറ്റ, ഈച്ച, കൊതുക്, മുതലായ പ്രാണികള്‍ , മൃഗങ്ങള്‍ പക്ഷികള്‍ , നനവുള്ള ഭിത്തിയിലും മറ്റും വളരുന്ന പൂപ്പല്‍ അഥവാ ഫംഗസ്സുകള്‍ , തുടങ്ങിയവയാണ് മറ്റു പ്രധാന അലര്‍ജനുകള്‍. രോഗകാരികളായ അലര്‍ജനുകളെ അകറ്റിനിര്‍ത്തുവാന്‍ ശ്രദ്ധിയ്ക്കണം
2.മരുന്നുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള ചികില്‍സ (pharmaco-therapy)   ആന്റിഹിസ്റമിനുകള്‍, സ്റ്റീറൊയിടുകള്‍ എന്നീ ഔഷധങ്ങളാണ് അലര്‍ജി ചികില്‍സയ്ക്കുപയോഗിക്കാറ്.
3.അലര്‍ജി ടെസ്റിംഗും ഇമ്മ്യുണോതെറാപ്പിയും
അലര്‍ജുകളില്‍ ഏതിനോടൊക്കെയാണ് ഒരു വ്യക്തിയ്ക്ക് അലര്‍ജി എന്നു കണ്ടുപിടിയ്ക്കാന്‍ നടത്തുന്ന പരിശോധനയാണ് അലര്‍ജി ടെസ്റിംഗ്. അലര്‍ജി ടെസ്റിംഗിലൂടെ രോഗത്തിനു
കാരണമെന്ന് കണ്ടെത്തിയ  അലര്‍ജനുകള്‍ക്കെതിരെയുള്ള ശരീരത്തിന്റെ അമിതപ്രതികരണം ഇല്ലാതാക്കുന്ന ചികല്‍സാരീതിയാണ് ഇമ്മ്യുണോതെറാപ്പി. അതിനായി മേല്‍പറഞ്ഞ അലര്‍ജനുകള്‍ വളരെ ചെറിയ അളവില്‍ നിശ്ചിത ഇടവേളയില്‍ ശരീരത്ത് കുത്തിവയ്ക്കുന്നു.  അലര്‍ജനുകളുമായുള്ള തുടരെത്തുടരെയുള്ള സമ്പര്‍ക്കംമൂലം ഒടുവില്‍ ശരീരം മേല്‍പറഞ്ഞ അലര്‍ജനുകളോട് പ്രതികരിയ്ക്കാതാവുന്നു.

ഡോ.വേണുഗോപാല്‍ .പി,

അലര്‍ജി സപെഷ്യലിസ്ററ് ,

അഡീഷണല്‍ പ്രൊഫസ്സര്‍ ,

ആലപ്പുഴ മെഡിക്കല്‍ കോളജ്.

Email: venuparijatham@gmail.com

Register Now

Registration to this site is strictly restricted to qualified pulmonologists / PGs in Pulmonary medicine ( conditions apply ) and will be kept pending until membership in APCCM is confirmed. See about us page for detailed terms and conditions.

Full Name*

Username*

Designation*

Date of Birth*

Email*

Qualification*

Password*

Confirm Password*

×

Enter Your Email

×

Reset Your Password

×